വൈദ്യുതി മോഷണം അറിയിക്കുന്നവര്‍ക്ക് 50,000 രൂപ വരെ പാരിതോഷികം; കഴിഞ്ഞ സാമ്പത്തിക വര്‍ഷം 41 കോടി പിഴ ചുമത്തി
തിരുവനന്തപുരം: വൈദ്യുതി മോഷണം കണ്ടെത്തലിന് നേതൃത്വം നല്കിയ ആന്റി പവര്‍ തെഫ്റ്റ് സ്ക്വാഡ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 41.14 കോടി രൂപയുടെ പിഴ കെ.എസ്.ഇ.ബി ഈടാക്കിയതായി റിപ്പോര്‍ട്ട്. 31,213 പരിശോധനകള്‍ നടത്തിയതില്‍ 288 വൈദ്യുതി മോഷണങ്ങളും 4252 ദുരുപയോഗ സംഭവങ്ങളും കണ്ടെത്തിയതായാണ് വിവരങ്ങള്‍. പിഴയടയ്ക്കാന്‍ വിസമ്മതിച്ച ഒരാളിന് എതിരായി ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. 2025 ഏപ്രില്‍, മേയ് മാസങ്ങളിലായി നടത്തിയ 4149 പരിശോധനകളില്‍ 779 ദുരുപയോഗവും 30 മോഷണങ്ങളും കണ്ടെത്തി. ഈ കാലയളവില്‍ 9.38 കോടി രൂപ പിഴയായി ചുമത്തി. വൈദ്യുതി മോഷണം ക്രിമിനല്‍ കുറ്റമാണ്. ഇലക്ട്രിസിറ്റി ആക്ട് 2003 പ്രകാരം വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും, ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുക്കുകയും, മൂന്ന് വര്‍ഷം വരെ തടവുശിക്ഷയും ലഭിക്കാം. എന്നാല്‍, സ്വമേധയാ തെറ്റ് സമ്മതിച്ച് പിഴ അടയ്ക്കുന്നവരെ ശിക്ഷാനടപടികളില്‍ നിന്ന് ഒഴിവാക്കും. എന്നാല്‍ ഇത്തരത്തില്‍ ഒരാള്‍ക്ക് ഒരവസരം മാത്രമേ അനുവദിക്കുകയുള്ളൂ. വൈദ്യുതി മോഷണം സംബന്ധിച്ച വിവരങ്ങള്‍ കെ.എസ്.ഇ.ബിയുടെ സെക്ഷന്‍ ഓഫിസുകളിലോ, ആന്റി പവര്‍ തെഫ്റ്റ് സ്ക്വാഡിന്റെ തിരുവനന്തപുരം ഭവനിലോ ജില്ലാ ഓഫീസുകളിലോ ഓഫീസ് സമയത്ത് അറിയിക്കാം. അതുപോലെ 9496010101 എന്ന എമര്‍ജന്‍സി നമ്പറില്‍ വിളിച്ചോ വാട്സാപ്പ് സന്ദേശം അയച്ചോ വിവരങ്ങള്‍ നല്‍കാവുന്നതാണ്. വൈദ്യുതി മോഷണ വിവരം നല്‍കുന്നവര്‍ക്ക് പിഴ തുകയുടെ 5% വരെ (പരമാവധി ₹50,000) പാരിതോഷികം ലഭിക്കും. വിവരങ്ങള്‍ നല്‍കുന്നവരുടെ പേര്, വിവരങ്ങള്‍ എന്നിവ കെ.എസ്.ഇ.ബി രഹസ്യമായി സൂക്ഷിക്കും.